മോൻസന്‍ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മൺ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ ഇന്ന് ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകില്ലെന്നാണ് വിശദീകരണം. ഐജി ലക്ഷ്മണനോട് ഇന്ന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഈ മാസം 16നും കെ സുധാകരനോട് 18നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ പുരാവസ്തു തട്ടിപ്പ് കേസില്‍ മൂന്നുപേരെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. ഇവരുടെ മൊഴിപകര്‍പ്പും ഇഡി ശേഖരിച്ചിരുന്നു. നേരത്തെ മുന്‍ ഡിഐജി സുരേന്ദ്രനെ ഒരു തവണ ഇഡി ചോദ്യം ചെയിരുന്നു.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഐജി ലക്ഷ്മണ്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതിയായ മുന്‍ ഐജി എസ് സുരേന്ദ്രന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ലക്ഷ്മണിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഐജി ലക്ഷ്മണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേര്‍ത്തത് എന്നും ഐജി ലക്ഷ്മണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോടുള്‍പ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്നും ഐജി ലക്ഷ്മണ്‍ പിന്നാക്കം പോയിരുന്നു. പുരാവസ്തു തട്ടിപ്പുകേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ലെന്നായിരുന്നു ഐജി ജി ലക്ഷ്മണിന്റെ നിലപാട്. വക്കാലത്ത് നല്‍കിയ അഭിഭാഷകനാണ് പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍. ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

error: Content is protected !!