വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്, എന്‍ ടി ടി എഫ് തലശ്ശേരി, ധര്‍മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്‍ത്തോപീഡിക്‌, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പ് ജൂണ്‍ 24ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. രണ്ട് മണി മുതല്‍ നാല് മണി വരെ എമര്‍ജന്‍സി വിഭാഗം ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് നല്‍കും. താല്പര്യമുള്ളവര്‍ https://tinyurl.com/Freemedicalcampcsppalayad എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9633015813
8075851148, 7907828369.

ബക്രീദ് ഖാദി മേള: ജില്ലാതല ഉദ്ഘാടനം 21ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 21 ബുധനാഴ്ച രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിക്കും. മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. ബക്രീദിന്റെ ഭാഗമായി  30% വരെ സര്‍ക്കാര്‍ റിബേറ്റിലാണ് ഖാദി തുണിത്തരങ്ങള്‍ ലഭിക്കുക.

ഡാറ്റാ എന്‍ട്രി നിയമനം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവരശേഖരണം ഡാറ്റാ എന്‍ട്രി നടത്തുന്നതിനായി സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/ ഐടിഐ സര്‍വേയര്‍ എന്നീ യോഗ്യതയുള്ളവരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 22ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9496049092.

വനിത കമ്മീഷന്‍ അദാലത്ത് ചൊവ്വാഴ്ച

വനിതാ കമ്മീഷന്‍ അദാലത്ത് ജൂണ്‍ 20 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പ്രമാണ പരിശോധന ജൂണ്‍ 21ന്

കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2(സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് സി/ എസ് ടി) ( കാറ്റഗറി നമ്പര്‍ 553/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023 ജൂണ്‍ 14ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ജൂണ്‍ 21ന് ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി പരിശോധനക്ക് ഹാജരാകണം.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പരീക്ഷ വിഭാഗം മുറിയില്‍ അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് പ്രത്യേക ക്യാബിന്‍ നിര്‍മിക്കാനും ജനലുകളില്‍ കമ്പിവല സ്ഥാപിക്കാനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 04972780226.

കാണാതായി

അരോളി വാച്ചക്കല്‍ നാദോരന്‍ വീട്ടില്‍ കൃഷ്ണ(65)നെ കാണാതായതായി പരാതി. ഭാര്യ സഹോദരനായ എന്‍ അനൂപാണ് വളപട്ടണം പൊലീസില്‍ പരാതി നല്‍കിയത്. പുതിയതെരുവിലെ അപ്പൂസ് ബേക്കറിയില്‍ നിന്നും മെയ് 16ന് വൈകീട്ട് സ്വന്തം ഉടമസ്ഥതയിലുള്ള കെ എല്‍ 13 എഎം 5922 നമ്പര്‍ സ്‌കൂട്ടറില്‍ പോയതായിരുന്നു.
വെളുത്ത നിറവും നരച്ച മുടിയുമുള്ള കൃഷ്ണന്‍ സ്ഥിരമായി കണ്ണട ഉപയോഗിക്കാറുണ്ട്. 172 സെന്റീ മീറ്ററാണ് ഉയരം. കാണാതാകുമ്പോള്‍ മെറൂണ്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു വേഷം. മെലിഞ്ഞ ശരീത പ്രകൃതമാണ്. ഇയാളെകുറച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് വളപട്ടണം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി പി അശോക് കുമാര്‍ അറിയിച്ചു.

പട്ടയകേസ് മാറ്റി

കണ്ണൂര്‍ കലക്ടറേറ്റില്‍ ജൂണ്‍ 20, 21, 22 തീയതികളില്‍ രാവിലെ 11 മണിക്ക് വിചാരണക്ക് വെച്ച ദേവസ്വം പട്ടയകേസുകള്‍ ആഗസ്ത് രണ്ടാം തീയ്യതിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍ അറിയിച്ചു.

 ഇന്റീരിയര്‍ ഡിസൈനിങ് ഡിപ്ലോമ

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി റേ, ഓട്ടോഡസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ്കാലാവധി  . ഫോണ്‍ 9526811194, 9947016760.

ശിശുക്ഷേമസമിതി യോഗം 23ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ 2022-23 വര്‍ഷത്തെ ജനറല്‍ ബോഡി യോഗം ജൂണ്‍ 23ന് രാവിലെ 10.30ന് പ്ലാനിംഗ് ഓഫീസ് ഹാളില്‍ ചേരും. ജില്ലാ സമിതിയിലെ അംഗങ്ങള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്റര്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍:04602205474, 04602954252

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ ഐ ടി ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 വൈകിട്ട് മൂന്ന് മണി. ഇ മെയില്‍: itikannur07@gmail.com, വെബ്‌സൈറ്റ്: itikannur.kerala.gov.in.

വാഹനം ആവശ്യമുണ്ട്

കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസിലെ ആവശ്യത്തിനായി 2018 ജൂലൈ ഒന്നിനോ അതിന് ശേഷമോ ആദ്യ രജിസ്‌ട്രേഷന്‍ ചെയ്ത വാഹനം (അഞ്ച് സീറ്റ് സെഡാന്‍ കാര്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 വൈകിട്ട് മൂന്ന് മണി.

error: Content is protected !!