വാട്ടർ ചാർജ് കുടിശ്ശിക അടച്ച് ഡിസ്‌കണക്ഷൻ, റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കുക

കണ്ണൂർ വാട്ടർ സപ്ലൈ ഡിവിഷന് കീഴിലെ കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, പെരളശ്ശേരി സബ് ഡിവിഷൻ പരിധിയിലുളള മുഴുവൻ ഉപഭോക്താക്കളും നിലവിലുളള വാട്ടർ ചാർജ് കുടിശ്ശിക ജനുവരി 17നകം അടച്ചു  കണക്ഷൻ വിച്ഛേദിക്കൽ, റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതിനായി www.kwa.quickpay എന്ന ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ഉപയോഗിക്കാം. ഈ ലിങ്ക് വഴി പണം അടച്ചാൽ 100 രൂപക്ക് ഒരു രൂപ എന്ന നിരക്കിൽ(പരമാവധി 100 രൂപ) ഇൻസെന്റീവ് ലഭിക്കും.  മുൻകൂട്ടി ഒരു വർഷത്തെ വാട്ടർ ചാർജ് അടച്ചാൽ അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ജനുവരി 25നകം മാറ്റിവെക്കണമെന്നും അല്ലെങ്കിൽ കേടായ മീറ്ററുകളുളള വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കുമെന്നും അറിയിച്ചു.


ഈ വർഷത്തേക്കുളള ബി പി എൽ ആനുകൂല്യത്തിനുളള അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. പ്രതിമാസം 15 യൂണിറ്റിൽ താഴെ ഉപഭോഗമുളളവർക്കാണ് ആനുകൂല്യം ലഭിക്കുക. ബി പി എൽ ആനുകൂല്യം ലഭിക്കുന്നതിനായി നിലവിലുള്ള കുടിശ്ശിക പൂർണ്ണമായും അടച്ച് വാട്ടർ മീറ്റർ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.  അർഹതയുളള ഉപഭോക്താക്കൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് റേഷൻ കാർഡിന്റെയും, ആധാർ കാർഡിന്റെയും പകർപ്പ് സഹിതം അപേക്ഷ നൽകണം. ബി പി എൽ ആനുകൂല്യം പുതുക്കുന്നതിനായി ഓൺലൈൻ സൗകര്യം ലഭ്യമാണ്. ബി പി എൽ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക കസ്റ്റമർ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.  https://kwa.kerala.gov.in/bpl-renewal/ എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ സ്ഥിതിവിവരം എസ് എം എസ് ആയി ലഭിക്കും.

error: Content is protected !!