സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: ചാൻസിലർ പദവി മാറ്റാൻ ഓർഡിനൻസ് ഒരുങ്ങുന്നു

ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വി.സിമാര്‍ക്ക് കൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തി തിരിച്ചടി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി സര്‍വകലാശാല നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ അതിവേഗം നടപ്പാക്കാനാണ് നീക്കം.

പതിനൊന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഇതില്‍ ഒരു തരത്തിലുമുള്ള മാറ്റം വേണ്ടെന്ന് രാജ്ഭവന്‍ തീരുമാനിച്ചിട്ടുമുണ്ട്്. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ഇതിന് ഗവര്‍ണര്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. അതിനാല്‍ ഒത്തുതീര്‍പ്പിന് ഗവര്‍ണര്‍ മുന്‍കൈയെടുക്കില്ല. ഗവര്‍ണറുമായി ഒരു ഒത്തുതീര്‍പ്പും ഇനി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഉന്നത വിദ്യാഭ്യാസ രംഗത്തു ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തി തിരിച്ചടിക്കാണ് നീക്കം. നിയമപരിഷ്‌കരണ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇതിനു ആയുധമാക്കുക. സര്‍വകലാശാല സമിതികളുടെ നടപടികള്‍ നിയമത്തിനോ ചട്ടത്തിനോ വിരുദ്ധമായാല്‍ അതു റദ്ദാക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിന്നും മാറ്റി സിറ്റിംഗ് ജഡ്ജി ചെയര്‍മാനായ സര്‍വകലാശാല ട്രൈബ്യൂണലിനു വിടാനാണ് ശുപാര്‍ശ.

സര്‍വകലാശാല നിര്‍മ്മിക്കുന്ന ചട്ടങ്ങള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ പിടിച്ചുവച്ചാല്‍ 60 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കും. കുസാറ്റിലെപ്പോലെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറുടെ അനുമതി നിര്‍ബന്ധമല്ലാതാക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ചാന്‍സിലറായി തുടരാമെങ്കിലും അധികാരങ്ങള്‍ പരിമിതപ്പെടും.

error: Content is protected !!