ലഖിംപൂര്‍ ഖേരി സംഘര്‍ഷം: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരേ കൊലക്കുറ്റം ചുമത്തി

യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്ക് വണ്ടിയോടിച്ച്‌ കയറ്റിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നു.

ഒരു പൊതുപരിപാടിക്കുവേണ്ടി ലഖിംപൂരിലെത്തിയ അജയ് മിശ്രയുടെയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും നേരെ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് വാഹനം ഓടിച്ച്‌ കയറ്റിയത്. ആഭ്യന്തര സഹ മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു.

മന്ത്രിമാരെ ഖരാവോ ചെയ്യാനായാണ് കര്‍ഷകര്‍ എത്തിയത്. സമരം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിലാണ് മൂന്ന് കാറുകള്‍ റോഡരികില്‍ നിന്നിരുന്ന കര്‍ഷരെ ഇടിച്ചതെന്ന് കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് തന്‍റെ മകന്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

error: Content is protected !!