സ്ത്രീകള്‍ക്ക് സ്പോര്‍ട്‌സ് നിരോധിച്ച്‌ താലിബാന്‍: ഇസ്ലാം അനുവദിക്കുന്നില്ലെന്ന് വിശദീകരണം

അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍.

സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ മതം അനുവദിക്കുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി.

കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഖവും ശരീരവും മറയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് താലിബാന്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തിരിക്കുന്നത്. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ ബുധനാഴ്ച വിശദമാക്കിയത്.

വനിതാ കായിക താരങ്ങളോടുള്ള താലിബാന്‍ സമീപനത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറുമെന്ന് ക്രിക്കറ്റ്  ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും വനിതാ ക്രിക്കറ്റിന്‍റെ  വളര്‍ച്ച  പ്രധാനമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഓസ്ട്രേലിയയിലെ ഹോബാര്‍ട്ടിൽ നവംബര്‍ 27നാണ്  ടെസ്റ്റ് തുടങ്ങാനിരുന്നത്.

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു.  ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗൺസിലിന്‍റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്.

error: Content is protected !!