കോഴിക്കോട്ടെ വവ്വാലുകളില്‍ നിപാ സാന്നിധ്യം: കൂടുതല്‍ പഠനം ആവശ്യമെന്ന് വിദഗ്ധര്‍

കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

രണ്ടിനം വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.

ചാത്തമംഗലത്തിനടുത്ത് മുഹമ്മദ് ഹാഷിം എന്ന 12 കാരനാണ് ഈയിടെ മരിച്ചത്. ഹാഷിമിന്‍റെ വീട്ടുകാര്‍ കഴിച്ച റമ്പൂട്ടാന്‍ പഴം ലഭിച്ച പറമ്പില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വീണുകിടന്ന പഴങ്ങളില്‍ ചിലതില്‍ വവ്വാല്‍ കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന ആടിന്‍റെ രക്ത-സ്രവ സാമ്പിളുമെടുത്തിരുന്നു. വീടിന്‍റെ പരിസരത്തുള്ള വവ്വാലുകളുടെ കാഷ്ഠവും ശേഖരിച്ചു. ഇവ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. തുടര്‍ പരിശോധനകളുടെ ഭാഗമായാണ് വവ്വാലുകളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ചത്. അതിന്‍റെ ഫലമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അസിസ്റ്റന്‍റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സത്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ബേബി എന്നിവര്‍ നേതൃത്വത്തിലായിരുന്നു സാമ്പിള്‍ ശേഖരണം.

 

error: Content is protected !!