ഹരിതയെ പിന്തുണച്ചു: എംഎസ്‌എഫ് വൈസ് പ്രസിഡന്‍റ് പി. പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി

ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്‌എഫ് നേതാവ് പി. പി ഷൈജലിനെതിരെ നടപടിയുമായി മുസ്ലിം ലീഗ്. സംസ്ഥാന പ്രസിഡണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് ഷൈജലിനെതിരെ നടപടിയെടുത്തതെന്ന് മുസ്ലിം ലീഗ് സംസഥാന കമ്മിറ്റി വ്യക്തമാക്കി.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എം എസ് എഫിന്‍റെയും ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എം.എസ്​.എഫ്​ സംസ്​ഥാന പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പരാതിക്കാരായ ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച്‌ ഷൈജല്‍ രംഗത്തു വന്നിരുന്നു. അഭിപ്രായം പറയുന്നവരെ വേട്ടയാടുന്നുവെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

എം.എസ്​.എഫ്​ സംസ്​ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമര്‍ശം നടത്തിയെന്ന്​ കാണിച്ച്‌​ ഹരിത ഭാരവാഹികള്‍ മുസ്​ലിം ലീഗ്​ നേതൃത്വത്തിന്​ പരാതി നല്‍കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നും സമാനമായി പരാതി ഉയര്‍ന്നു. എന്നാല്‍, ഈ പരാതിയില്‍ നേതൃത്വം നടപടി എടുക്കാത്തതിനാല്‍ ഹരിത ഭാരവാഹികള്‍ വനിത കമീഷന്​ പരാതി നല്‍കിയതോടെ വിഷയം പൊതുചര്‍ച്ചയായി.

ഇതേ തുടര്‍ന്ന്​ മുസ്​ലിം ലീഗ്​ നേതൃത്വം നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന്​, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട്​ പിരിച്ചുവിടുകയും ചെയ്​തു. മുസ്​ലിം ലീഗ്​ സംസ്​ഥാന നേതൃത്വം നേരിട്ട്​ പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്​തു.

ഈ വിവാദങ്ങള്‍ക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട്​ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ അവരെ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ അവര്‍ പാര്‍ട്ടി മാറുമെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ്​ ഇപ്പോള്‍ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരിക്കുന്നത്​.

error: Content is protected !!