കാക്കനാട് ലഹരിമരുന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

കാക്കനാട് ലഹരിമരുന്ന് കേസില്‍ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും.

പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്‍റെ വാര്‍ത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാല്‍ എക്സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്.

രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് ആരോപണം.

കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചിരുന്നു.

 

error: Content is protected !!