പരാതി പിന്‍വലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി: ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം

ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിക്കകം പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.

ലീഗ് നേതൃത്വത്തിന് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇടപെടണമെന്നുമാണ് വനിതാ കമ്മിഷനില്‍ ഹരിത നേതാക്കള്‍ ആവശ്യപ്പെട്ടത്. ജൂണ്‍ 22ന് എം.എസ്.എഫ് സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്‍റ് പി.കെ.നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് ഫോണിലൂടെ നിരന്തരം അസഭ്യവാക്കുകള്‍ പ്രയോഗിക്കാറുണ്ടെന്നു പരാതിയിലുണ്ട്.

ഹരിതയുടെ അവകാശങ്ങള്‍ സംബന്ധിച്ച്‌ ഭാരവാഹി സംസാരിച്ചതിന് വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമെന്നും അത് പറയൂ എന്നുമാണ് പി.കെ.നവാസ് അധിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

error: Content is protected !!