ട്രാൻസ് സമൂഹത്തിന് പരിഗണന; ലിംഗനീതിയിൽ പുതിയ അധ്യായവുമായി കെഎസ്ആർടിസി

ലിംഗനീതിയിൽ പുതിയ അധ്യായവുമായി കെഎസ്ആർടിസി. ഇനി ട്രാൻസ് സമൂഹത്തിനും പരിഗണന. കെഎസ്ആർടിസിയിലെ വിവിധ ആവശ്യങ്ങൾക്കായി നിലവിൽ അനേകം അപേക്ഷാഫോമുകളുണ്ട്. എന്നാൽ ഈ അപേക്ഷാഫോമുകളിലെല്ലാം ലിംഗഭേദം രേഖപ്പെടുത്തേണ്ട സ്ഥലത്ത് സ്ത്രീ, പുരുഷൻ എന്നിവ മാത്രമേ ചേർത്തിരുന്നുള്ളൂ. എന്നാൽ ഇതുമാത്രം പോരെന്നും ട്രാൻസ് സമൂഹത്തിനും സ്ഥലം ചേർക്കണമെന്നുമാണ് കെഎസ്ആർടിസി തീരുമാനിച്ചത്.

ഇനി മുതൽ കെഎസ്ആർടിസിയുടെ എല്ലാ അപേക്ഷാ ഫോമുകളിലും സ്ത്രീ, പുരുഷൻ എന്നിവയ്ക്കു പുറമെ ട്രാൻസ് ജെൻഡർ, ട്രാൻസ് സ്ത്രീ, ട്രാൻസ് പുരുഷൻ എന്നിങ്ങനെ കൂട്ടിച്ചേർത്തു പരിഷ്കരിക്കാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നിർദേശം നൽകി. ഇതുപ്രകാരം അപേക്ഷാഫോമുകൾ പരിഷ്കരിക്കാൻ അഡ്മിനിസ്ട്രേഷൻ എക്സി.ഡയറക്ടർ ഉത്തരവു പുറത്തിറക്കുകയും ചെയ്തു.പുതിയ തീരുമാനത്തിലൂടെ ട്രാൻസ് വ്യക്തികൾക്ക് കെഎസ്ആർടിസിയിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

വനിതാ കണ്ടക്ടർമാരും വനിതാ ഡ്രൈവർമാരുമായി കെഎസ്ആർടിസി പിൽക്കാലത്ത് ഗതാഗതമേഖലയിൽ മാറ്റത്തിനു തുടക്കമിട്ടിരുന്നു.സ്ത്രീകളുടെ സീറ്റ് ബസ്സിന്റെ മുന്നിലാണോ പിറകിലാണോ വേണ്ടതെന്നതു സംബന്ധിച്ച് ഏറെ ചർച്ചകൾ കെഎസ്ആർടിസിയിൽ ഉയർന്നിരുന്നു. ഇടക്കാലത്ത് സ്ത്രീകളുടെ സീറ്റ് പിറകിലാക്കിയെങ്കിലും പിന്നീട് സീറ്റ് മുന്നിൽത്തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

error: Content is protected !!