ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പെ തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ

തവനൂരിൽ റോഡ് ഷോയുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പാണ് ഫിറോസിന്റെ റോഡ് ഷോ. എടപ്പാൾ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണി നിരന്നു. തുറന്ന ജീപ്പിലാണ് ‘നിയുക്ത’ സ്ഥാനാർത്ഥിയെ ആനയിച്ചത്.

ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. അതിനെ അപ്രസക്തമാക്കുന്ന റോഡ് ഷോയാണ് തവനൂരിൽ അരങ്ങേറിയത്. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടർന്നാണ് തവനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിന് മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നത്.

പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ മത്സരിക്കാനില്ലെന്ന് ഫിറോസ് അറിയിച്ചിരുന്നു. ‘നേതാക്കൾ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ് പാതിമനസോടെ മത്സരിക്കാമെന്ന് വിചാരിച്ചത്. അതിൻപ്രകാരം പ്രവർത്തനവും ആരംഭിച്ചു. എന്നാൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ തൻറെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. അതുകൊണ്ട് തന്നെ ഇനി തവനൂരിൽ മത്സരിക്കാനില്ല. നമ്മൾ വലിഞ്ഞുകേറി വന്ന ഫീൽ വരും. പാർട്ടിക്കായി പ്രവർത്തിച്ചവർക്ക് തന്നെയാണ് സീറ്റ് ലഭിക്കേണ്ടത്. അതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതും. എങ്കിലും ആ മണ്ഡലത്തിലെ സഹോദരങ്ങൾക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം ഞാനുണ്ടാകും’ – ഫിറോസ് വ്യക്തമാക്കി.

error: Content is protected !!