രാമക്ഷേത്ര നിര്‍മാണ ധനശേഖരണത്തിനിടെ സംഘര്‍ഷം: 40 പേര് അറസ്റ്റില്‍
ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുന്പിലെ വഴിയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും വാളുകള്‍ വടിവാളുകള്‍ തുടങ്ങിയവ ഉയര്‍ത്തുകയും തീവച്ചുമായിരുന്നു റാലി. അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാര്‍ഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അക്രമത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലും ഉജ്ജയിനിലും മന്ഡാസോറിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.