കള്ളവോട്ട് പ്രചാരണം യുഡിഎഫിൻ്റെ മുൻകൂർ ജാമ്യം: എം വി ജയരാജൻ

പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമെടുക്കലാണ്‌ യുഡിഎഫിന്റെ കള്ളവോട്ടെന്ന പല്ലവിയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സമ്പൂർണ പരാജയം കാത്തിരിക്കുന്നതിനാലാണ്‌ കള്ളവോട്ടെന്ന പ്രചാരവേല യുഡിഎഫ്‌ നേരത്തെ തുടങ്ങിയത്‌.
കഴിഞ്ഞ തവണ യുഡിഎഫ്‌ ജയിച്ച തദ്ദേശസ്ഥാപനങ്ങളിൽ പോലും എൽഡിഎഫ്‌ ഇക്കുറി മികച്ച വിജയം നേടും. 2015 ലെ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും വാർഡുകളും തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫ്‌ നേടും. പരാജയഭീതിയിലാണ്‌ യുഡിഎഫ്‌ കള്ളപ്രചാരവേല തുടങ്ങിയത്‌. പ്രചാരണസമയത്ത്‌ യുഡിഎഫ്‌ നടത്തിയ കള്ളപ്രചാരവേലകളെല്ലാം ജനങ്ങൾ തള്ളിയതോടെയാണ്‌ കള്ളവോട്ടെന്ന പുതിയ വാദവുമായി നേതാക്കൾ ഇറങ്ങിയത്‌. യുഡിഎഫ്‌ വർഗീയ–- തീവ്രവാദ മുന്നണിയാണെന്ന്‌ പ്രചാരണസമാപനത്തിലെ യോജിച്ച്‌ റാലികൾ ഒന്നുകൂടി ഉറപ്പിച്ചു. പലയിടത്തും ഒന്നിച്ചാണ്‌ ഇവരുടെ സ്‌ക്വാഡുകൾ വീടുകൾ കയറിയത്‌. മതേതര–- മതവിശ്വാസികൾക്ക്‌ ഇത്‌ കൃത്യമായി ബോധ്യമായിട്ടുണ്ട്‌. യുഡിഎഫിന്റെ വെൽഫെയർ സഖ്യത്തെ‌ മുസ്ലിം സംഘടനകൾ തന്നെയാണ്‌ ചോദ്യം ചെയ്‌തത്‌. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പലയിടങ്ങളിലും യുഡിഎഫകാർ വോട്ടർമാർക്ക്‌ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്‌. എൽഡിഎഫിന്‌ വോട്ടുനൽകുമെന്ന്‌ സംശയമുള്ള, യുഡിഎഫ്‌ ആഭിമുഖ്യമുള്ള വീടുകളിലുള്ളവരുടെയും മറ്റും തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും വാങ്ങിവെക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്‌. ഏഴരയിലും മുഴപ്പിലങ്ങാടും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിട്ടുണ്ട്‌.
കള്ളവോട്ടെന്ന പ്രചാരണം യുഡിഎഫ്‌ എപ്പോഴും നടത്തുന്നതാണ്‌. യുഡിഎഫ ജയിക്കുമ്പോൾ നല്ലവോട്ടും തോൽക്കുമ്പോൾ കള്ളവോട്ടുമെങ്ങിനെയാണ്‌ ആവുന്നത്‌. എഴുപത്‌ സീറ്റുകളിൽ യുഡിഎഫിന്‌ റിബൽ സ്ഥാനാർഥികളുണ്ട്‌. ഡിസിസിക്കും കെപിസിസിക്കും വരെ റിബലാണ്‌ ഇക്കുറി. ബിജെപിയുടെ കാര്യവും ദയനീയമാണ്‌. ജില്ലയിൽ 337 സീറ്റുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല. ഇത്‌ യുഡിഎഫിനെ സഹായിക്കാനാണ്‌. ബിജെപിയുടെ ചില സ്ഥാനാർഥികൾ കോൺഗ്രസുകാരാണ്‌.
കഴിഞ്ഞ പാർലിമെന്റ്‌‌‌ തെരഞ്ഞെടുപ്പിൽ മാടായി, കൊളച്ചേരി, മാട്ടൂൽ എന്നിവിടങ്ങളിൽ കള്ളവോട്ട്‌ ചെയ്‌ത യുഡിഎഫ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തത്‌‌ എല്ലാവർക്കും അറിയാം. കള്ളവോട്ട്‌ ചെയ്‌തതിന്‌ അറസ്‌റ്റിലായയാൾ ഇക്കുറി ലീഗ്‌ സ്ഥാനാർഥിയാണ്‌. ഇത്‌‌ മറച്ചുവെച്ചാണ്‌ എൽഡിഎഫിനെതിരെ കള്ളം പ്രചരിപ്പിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

 

error: Content is protected !!