സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഈ വര്‍ഷം ജനുവരി 24 നാണ് സംസ്ഥാനത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ മറ്റ് മിക്ക പ്രദേശങ്ങളെക്കാള്‍ വേഗത്തില്‍ സംസ്ഥാനത്തിനകത്ത് പ്രതിരോധത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും ആദ്യത്തെ കേസുകളില്‍ നിന്ന് ഒരാള്‍ക്കുപോലും രോഗം പടരാതിരിക്കാനുള്ള ജാഗ്രത പാലിച്ചു. ഒരു കേസില്‍ നിന്ന് 5000 കേസുകളിലെത്താന്‍ 156 ദിവസമാണ് കേരളത്തില്‍ എടുത്തത്.

ഒട്ടുമിക്കയിടങ്ങളിലും രോഗം വളരെ പെട്ടെന്ന് പടര്‍ന്ന് മരണം വിതച്ചപ്പോള്‍ സംസ്ഥാനത്ത് കാണിച്ച ജാഗ്രതയും സര്‍ക്കാര്‍, ആരോഗ്യ സംവിധാനങ്ങളുടെ നിതാന്തമായ കഠിനാധ്വാനവുമാണ് രോഗം വ്യാപിക്കാന്‍ അത്രയും ദീര്‍ഘമായ സമയം എടുക്കുന്നതിന് ഇടയാക്കിയത്. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ സാധിച്ചു. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴും മരണ സംഖ്യ മറ്റ് പ്രദേശങ്ങളേക്കാള്‍ കുറച്ച് നിര്‍ത്താന്‍ സാധിച്ചു.

സംസ്ഥാനത്ത് പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ദിനം പ്രതി ടെസ്റ്റുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസങ്ങളും. ഓരോ ദിവസവും ഓരോ ജില്ലയില്‍ പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഒരാഴ്ചയില്‍ എത്രപേര്‍ പുതിയതായി രോഗികളായെന്നോ എത്രപേര്‍ രോഗവിമുക്തി നേടിയെന്നുമുള്ള കണക്കുകളാണ് കൊവിഡ് വ്യാപനത്തിന്റെ തോത് ശാസ്ത്രീയമായി മനസിലാക്കാന്‍ പരിഗണിക്കുന്നത്. ഇത്തരത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നോക്കുമ്പോള്‍ ഓരോ ആഴ്ചയിലും രോഗികളുടെ എണ്ണം തൊട്ടുമുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കുറഞ്ഞുവരുന്നുണ്ട്. ഈ പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുന്നതായാണ് ഇപ്പോള്‍ മനസിലാക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന ദിവസം ഒക്ടോബര്‍ 24 ആയിരുന്നു. അന്ന് 97,417 രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 75,000 ആളുകള്‍ ചികിത്സയില്‍ കഴിയുന്ന രീതിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. ഓരോ ദിവസവും രോഗികളാകുന്നവരുടെ എണ്ണം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തേക്കാള്‍ കുറവാണ്. കൊവിഡ് ആശുപത്രികളില്‍ പ്രവേശിക്കുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!