ട്രേഡ്‌ യൂണിയൻ നേതാവ് പൂക്കോടൻ ചന്ദ്രൻ അന്തരിച്ചു ; വിടവാങ്ങിയത്, അസംഘടിത തൊഴിലാളികൾക്ക് പുതിയ ദിശാബോധം നൽകിയ ജനകീയ നേതാവ്

കണ്ണൂർ; പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവും കേരള ദിനേശ്‌ ബീഡി കേന്ദ്ര സംഘം മുൻ ഡയറക്ടറുമായ പൂക്കോടൻ ചന്ദ്രൻ(78) അന്തരിച്ചു. കണ്ണൂർ തളാപ്പിനടുത്ത തുളിച്ചേരിയിലെ വീട്ടിൽ ശനിയാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന്‌ ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്‌ച പകൽ 11ന്‌ പയ്യാമ്പലത്ത്‌. മൃതദേഹം രാവിലെ 10 മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വയ്‌ക്കും.

ദിനേശ്‌ ബീഡി രൂപീകരണത്തിലേക്കു നയിച്ച ഗണേഷ്‌ബീഡിത്തൊഴിലാളി പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളാണ്‌. മംഗളൂരുവിൽ ജയിൽവാസവും അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചിറക്കൽ പനങ്കാവാണ്‌ സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച പൂക്കോടൻ ചെറുപ്പത്തിലേ സിപിഐ എമ്മിലും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായി.

ദീർഘകാലം സിപിഐ എം ചിറക്കൽ ലോക്കൽ കമ്മിറ്റി അംഗം. പീന്നീട്‌ കണ്ണൂർ ടൗൺ വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയിലും പ്രവർത്തിച്ചു. നിലവിൽ കാനത്തൂർ ബ്രാഞ്ച്‌ അംഗമായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം, കണ്ണൂർ ഏരിയാ പ്രസിഡന്റ്‌, ടുബാക്കോ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) സെക്രട്ടറി, ബീഡിത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) സംസ്ഥാന വൈസ്‌ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ലോട്ടറി തൊഴിലാളി യൂണിയൻ, വഴിയോരക്കച്ചവടത്തൊഴിലാളി യൂണിയൻ, ഷോപ്‌സ്‌ ആൻഡ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ എംപ്ലോയീസ്‌ യൂണിയൻ തുടങ്ങി മറ്റു നിരവധി യൂണിയനുകളിലും സജീവമായിരുന്നു. ദിനേശ്‌ ബീഡി ചിറക്കൽ പ്രാഥമിക സംഘം പ്രസിഡന്റ്‌, കേന്ദ്ര സംഘം ഡയറക്ടർ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.

പരേതരായ പുന്നക്കൽ ഗോവിന്ദന്റെയും പൂക്കോടൻ മാണിക്കത്തിന്റെയും മകനാണ്‌. ഭാര്യ: ശോഭ. മക്കൾ: അഭിലാഷ്‌, സഫല. മരുമക്കൾ: റോഷ്‌ന(എളയാവൂർ), അജയൻ(മയ്യിൽ). സഹോദരങ്ങൾ: കാർത്ത്യായനി(അഴീക്കോട്‌), പരേതരായ കൃഷ്‌ണൻ, മാധവൻ. ‌
പൂക്കാടൻ ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അനുശോചിച്ചു.

 

error: Content is protected !!