ഓണക്കാലം; കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

കണ്ണൂർ : ഓണക്കാലത്ത് വില്‍പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ ആര്‍ അജയകുമാറിന്റെ ഉത്തരവ് പ്രകാരം സെപ്തംബര്‍ അഞ്ച് വരെയാണ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തുന്നത്. ഇതിനായി ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ പ്രദീപ് കുമാര്‍ പറഞ്ഞു.

ഓണക്കാലക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് മുഖ്യമായും പരിശോധനക്ക് വിധേയമാക്കുക. വെളിച്ചെണ്ണ, ശര്‍ക്കര, പായസ പരിപ്പ്, പായസം മിക്സ്, ബനാന ചിപ്സ്, പാല്‍, നെയ്യ്, ചായപ്പൊടി, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മാംസം എന്നീ ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. നിര്‍മ്മാണ യൂണിറ്റുകള്‍, വിതരണ കേന്ദ്രങ്ങള്‍, വില്‍പനശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി ശുചിത്വവും ഗുണനിലവാരവും ഉറപ്പു വരുത്തുകയും ചെയ്യും.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ത്ത് വില്‍പന നടത്തുന്നത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലേബല്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്താല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

മായം എങ്ങനെ കണ്ടെത്താം

ബനാന ചിപ്സ്, ശര്‍ക്കര, ചില്ലി ചിക്കണ്‍, തുവര പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രധാനമായും കൃത്രിമ നിറം ഉപയോഗിക്കുന്നത്. കാന്‍സറിന് കാരണമാകുന്ന ടാര്‍ടാറസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോയിസിന്‍, ബ്രില്ലിയന്റ് ബ്ലൂ, റോഡമിന്‍ ബി, സുഡാന്‍ റെഡ് തുടങ്ങിയ നിറങ്ങളാണ് ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും അതിനാല്‍ കടും നിറത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ചുവപ്പ് ,മഞ്ഞ നിറങ്ങളിലുള്ള ശര്‍ക്കരയില്‍ കാന്‍സറിന് കാരണമാകുന്ന കൃത്രിമ നിറങ്ങള്‍ കണ്ടെത്തിയിരുന്നു. ചെറുപയര്‍ പരിപ്പ്/ പായസ പരിപ്പ് എന്നിവ രാസവസ്തുക്കള്‍ ചേര്‍ത്ത് പോളിഷ് ചെയ്തും മാര്‍ക്കറ്റുകളിലെത്തുന്നുണ്ട്. ഇത്തരം പരിപ്പിന് തിളക്കം ഉണ്ടാകും. അതിനാല്‍ തിളക്കമില്ലാത്ത ചെറുപയര്‍ പരിപ്പ് നോക്കി വാങ്ങാം.

വെളിച്ചെണ്ണ എന്ന വ്യാജേന മിക്സഡ് വെജിറ്റബിള്‍ ഓയില്‍ എന്ന പേരില്‍ വരുന്ന ഭക്ഷ്യ എണ്ണ വില്‍പ്പന നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വെളിച്ചണ്ണയിലെ മായം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഒരു ഗ്ലാസില്‍ കുറച്ച് വെളിച്ചെണ്ണ എടുത്ത് 30 മിനുട്ട് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് മുഴുവനായി കട്ടപിടിച്ചാല്‍ ശുദ്ധമായ എണ്ണയാണ്. എന്നാല്‍ വെളിച്ചെണ്ണയില്‍ മറ്റേതെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കട്ടപിടിക്കാതെ മുകളില്‍ പൊങ്ങിക്കിടക്കും.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1800 425 1125 (ടോള്‍ ഫ്രീ നമ്പര്‍), 8943346193 (ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

error: Content is protected !!