സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ

സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍ തന്നെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. ഇതുവരെ 20,896 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരുമാണ് കൂടുതല്‍. അമ്പതിനായിരം പേര്‍ ചികിത്സയിലുണ്ടായാലും ഇതില്‍ 3 ശതമാനം പേര്‍ക്ക് ഐസിയുവും വെന്‍റിലേറ്ററും വേണ്ടി വരൂ എന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍. രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ ചികിത്സിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജീവമാക്കുന്നതിനൊപ്പം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കേണ്ടതുണ്ട്

ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിന്‍റെ ഭാഗമായി പതിനായിരം പേരുടെ വിവരങ്ങളടങ്ങിയ പട്ടിക ആരോഗ്യസര്‍വകലാശാല ആരോഗ്യവകുപ്പിന് കൈമാറി. പുതുതായി ബിരുദമെടുത്ത 3200 ഡോക്ടര്‍മാരും 5100 നഴ്സുമാരും 2000 ഫാര്‍മസിസ്റ്റുകള്‍, 400 ലാബ് ടെക്നീഷ്യന്മാരും പട്ടികയില്‍ ഉള്‍പ്പെടും.

error: Content is protected !!