ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ അന്യ സംസ്ഥാന ബോട്ടുകള്‍ 9 നു മുമ്പായി കേരള തീരം വിട്ടു പോകണം

കണ്ണൂർ : ജൂണ്‍ 9 മുതല്‍ ജില്ലയില്‍ ട്രോളിംഗ് നിരോധനം . ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9 ന് മുമ്പായി കേരള തീരം വിട്ടു പോകണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് കടലില്‍ ഇറങ്ങാവൂ എന്നും ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് അക്കാഡമിക് ഹാളില്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കി.

ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പരമാവധി 30 തൊഴിലാളികളെ മാത്രമെ അനുവദിക്കുകയുള്ളൂ. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് അഞ്ച് തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒരു കാരിയര്‍ മാത്രമാണ് അനുവദിക്കുക. കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയില്‍ ട്രോളിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന് 3 ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കടല്‍ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം 9 ആയി ഉയര്‍ത്തി.

മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ബയോമെട്രിക് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചുപൂട്ടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തെരഞ്ഞെടുത്ത മത്സ്യ ഫെഡ് ബങ്കുകള്‍ അനുവദിക്കും. തട്ടുമടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വള്ളങ്ങള്‍ ലൈറ്റ് ഷിഫ്റ്റിംഗും ജുവനൈല്‍ ഷിഫ്റ്റിംഗും നടത്തുന്നത് കര്‍ശനമായി തടയും. മത്സ്യബന്ധനത്തിനു പോകുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണമെന്നും യോഗത്തില്‍ അറിയിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ, കോസ്റ്റല്‍ പോലീസ്, കോസ്റ്റ്ഗാര്‍ഡ് ,ഫിഷറീസ് വകുപ്പ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റര്‍ സേവനവും ലഭ്യമാക്കുമെന്ന് യോഗംഅറിയിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ സുധീഷ്, ഫിഷറീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ഡിവൈഎസ് പി ടിപി പ്രേമരാജന്‍, കോസ്റ്റല്‍ പോലീസ്, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!