2018ലെ പ്രളയം അതിവര്‍ഷം മൂലമെന്ന് ആവര്‍ത്തിച്ച് കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

തിരുവനന്തപുരം : 2018ലെ പ്രളയം അതിവര്‍ഷം മൂലമെന്ന് ആവര്‍ത്തിച്ച് കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാലാവസ്ഥ പ്രവചനം അനുസരിച്ച് ഇത്തവണ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. അപ്രതീക്ഷിതമായി മഴയുണ്ടായാല്‍ മാത്രമാണ് അണക്കെട്ടുകള്‍ തുറക്കേണ്ടി വരികയെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.

2018 ലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്ന് വിട്ടതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് കെ.എസ്.ഇ.ബിയും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്. സംസ്ഥാന ശരാശരിയേക്കാൾ 168 ശതമാനം അധിക മഴയാണ് 2018ൽ ഉണ്ടായത്. ഇതാണ് പ്രളയകാരണം. ഡാമുകൾ തുറന്നുവിട്ടത് മൂലമാണ് പ്രളയം ഉണ്ടായതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഇക്കൊല്ലത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ചുള്ള മഴയാണെങ്കില്‍ ഡാമുകൾ തുറക്കേണ്ടി വരില്ല. ഇപ്പോൾ അനുവദനീയം ആയതിലും മുപ്പത് അടിയിലധികം കുറവാണ് ഡാമിലെ ജലനിരപ്പ് എന്നും കെ.എസ്.ഇ.ബി വിശദമാക്കി. പ്രളയമുണ്ടായാല്‍ നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

അണക്കെട്ടുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിരീക്ഷിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 23.9 ശതമാനം മാത്രം വെള്ളം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ അറിയിച്ചു.

error: Content is protected !!