രാജ്യത്ത് 24 മണിക്കൂറിനിടെ 9887 പേർക്ക് രോഗബാധ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9887 കോവിഡ് കേസുകള്‍, 294 കോവിഡ് മരണം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,36,657 ആയി.

രോഗമുക്തി നേടുന്നവരുടെ നിരക്ക് വെള്ളിയാഴ്ചത്തേതിനെക്കാള്‍ കുറവാണ്. ഇത് 48.27 ശതമാനത്തില്‍ നിന്ന് 48.20 ശതമാനമായി കുറഞ്ഞു.

ഇറ്റലിയെ മറികടന്ന് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ആറാമത് എത്തി. കഴിഞ്ഞ് മൂന്ന് ദിവസം പതിനായിരത്തിനടുത്ത് ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യയില്‍ 1.14 ലക്ഷത്തിലധികം ആളുകള്‍ സുഖം പ്രാപിച്ചു.

മൊത്തം സ്ഥിരീകരിച്ച കേസുകള്‍, സജീവമായ കേസുകള്‍, രോഗമുക്തി നേടിയവര്‍, മരണങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മൊത്തം കേസുകളുടെ കാര്യത്തില്‍ തമിഴ്‌നാടിനുശേഷം മൂന്നാം സ്ഥാനത്താണെങ്കിലും സജീവ കേസുകളുടെ കാര്യത്തില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. മരണ സംഖ്യയില്‍ ഗുജറാത്ത് രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, ആഗോളതലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരണസംഖ്യയും വര്‍ധിക്കുകയാണ്. ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് മൂലം ഇന്നലെ മാത്രം ജീവന്‍ നഷ്ടമായതോടെ മരണസംഖ്യ നാല് ലക്ഷത്തിന് അടുത്തെത്തി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്ത് 68,43,840 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 3,98,071 പേര്‍ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു.

അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍ നില്‍ക്കുന്നത്. 19.65 ലക്ഷം ആളുകളിലാണ് അമേരിക്കയില്‍ കോവിഡ് കണ്ടെത്തിയത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ മരിച്ചതോടെ മരണസംഖ്യയും 1,11,390 ആയി വര്‍ധിച്ചു.

ലോകത്ത് ഇതുവരെ 33,35,219 പേര്‍ക്ക് രോഗം ഭേദമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, നിലവില്‍ ചികിത്സയില്‍ കഴിയുന്ന 31,10,550 പേരില്‍ അരലക്ഷത്തിലധികം പേരുടെ നില ഗുരുതരമാണ്. വരും ദിവസങ്ങളിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!