ബീഹാര്‍ സര്‍ക്കാറിന്‍റെ അനുമതിയില്ല: കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെയും കൊണ്ട് കണ്ണൂരിൽ നിന്ന് ബീഹാറിലേക്കുള്ള ഇന്ന് പുറപ്പെടേണ്ട ട്രെയിൻ റദ്ധാക്കി. ആകെ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലുവ സ്റ്റേഷനുകളില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തത് കാരണമാണ് ട്രെയിൻ റദ്ധാക്കിയത്.

അതേസമയം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു.എറണാകുളം ജില്ലയില്‍ നിന്ന് ഇന്നലെ 2201 അതിഥിത്തൊഴിലാളികളാണ് ബിഹാറിലേക്കു മടങ്ങിയത്. ബിഹാറിലെ ബറൂണിയിലേക്കുള്ള ട്രെയിന്‍ 1140 യാത്രക്കാരുമായി ഉച്ചയ്ക്കു 3 മണിയോടെയാണ് പുറപ്പെട്ടത്. രണ്ടാമത്തെ ട്രെയിന്‍ ആറരയോടെ മുസഫര്‍പുരിലേക്കാണു പോയത്. ജില്ലയില്‍നിന്ന് 3 ദിവസങ്ങളിലായി 5513 തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്കു മടങ്ങിയത്.

അതിനിടെ അതിഥി തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തി. ട്രെയിന്‍ യാത്രയ്ക്ക് പണം ഈടാക്കുന്നത് ബോധപൂര്‍വമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം യാത്ര ഒരുക്കുകയാണ് ലക്ഷ്യം. യാത്രസൗജന്യമാക്കിയാല്‍ എല്ലാവരും യാത്ര ചെയ്യുമെന്നും റെയില്‍വേ വിശദീകരിക്കുന്നു.

error: Content is protected !!