ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം ; ഡെങ്കിപ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കണ്ണൂർ : മെയ് 16 ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനമായി ആചരിക്കുന്നു. ”ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം” എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കി ദിനാചരണ സന്ദേശം. ഡെങ്കിപ്പനിയെക്കുറിച്ചും അത് തടയുതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും അതുവഴി  വര്‍ധിച്ചുവരുന്ന രോഗവും മരണങ്ങളും കുറയ്ക്കുകയും ചെയ്യുകയാണ് ദിനാചരണത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.

ഈഡിസ് കൊതുകുകള്‍ വഴിയാണ്് ഡെങ്കിപ്പനി പകരുന്നത്. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവി വൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. ഈ വൈറസുകള്‍ പ്രധാനമായും നാലുതരത്തില്‍ കാണപ്പെടുന്നു. ഡെങ്കിപ്പനി പ്രധാനമായും മുന്ന്് തരത്തിലുണ്ട്.

സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ക്ലാസിക്കല്‍ ഡെങ്കിപ്പനി, രക്തസ്രാവവും മരണകാരണമായേക്കാവുന്നതുമായ ഡെങ്കി ഹെമറാജിക് ഫീവര്‍, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ഡെങ്കിഷോക് സിന്‍ഡ്രോം എന്നിവയാണ് ഇവ. രോഗാണു വാഹകനായ ഒരു കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവും.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലും വേദന, വിശപ്പില്ലായ്മയും രുചിയില്ലായ്മയും, നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍.

ഡെങ്കി ഹെമറാജിക് ഫീവര്‍ എന്ന അവസ്ഥയിലേക്ക് മാറിയാല്‍ രോഗി അപകടാവസ്ഥയിലേക്ക് മാറുകയും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുകയും ചെയ്യും. സാധാരണ ഡെങ്കിപ്പനിയുടെ എല്ലാ ലക്ഷണങ്ങളും കൂടാതെ കഠിനമായ വയറുവേദന, ചര്‍മ്മം വിളര്‍ച്ചയേറിയതും ഈര്‍പ്പമേറിയതുമായ അവസ്ഥ, മൂക്ക്, വായ, മോണ എന്നിവയില്‍ കൂടിയുള്ള രക്തസ്രാവം, രക്തത്തോടു കൂടിയതോ അല്ലാതെയുമുളള ഛര്‍ദ്ദി, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍.

ഡെങ്കി ഷോക്ക്  സിന്‍ഡ്രോം എന്ന അവസ്ഥയില്‍ ശരീരത്തില്‍ നിന്നും രക്തവും പ്ലാസ്മയും നഷ്ടമാവുകയും തുടര്‍ന്ന്് രോഗി അബോധാവസ്ഥയിലേക്ക് എത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

കൊതുകു നിയന്ത്രണമാണ് രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട പ്രധാന മാര്‍ഗ്ഗം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡീസ് കൊതുകുകളാണ് രോഗത്തിന് കാരണം. വെളുത്ത പുള്ളികളോടുകൂടിയ ഇത്തരം കൊതുകുകള്‍ പകല്‍നേരങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. നനവുള്ള പ്രതലങ്ങളില്‍ ഇവയുടെ മുട്ടകള്‍ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. അനുകൂല സാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും.

ഈഡീസ് ആല്‍ബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നിവയാണ് മുഖ്യമായും രോഗം പരത്തുന്നത്. വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളിലാണ് വ്യാപകമായി ഇത്തരം കൊതുകുകളുടെ പ്രജനനം നടക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രായാധിക്യമുള്ളവര്‍, ഒരു വയസ്സിനു താഴെ പ്രായമുളള കുട്ടികള്‍, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ രോഗമുളളവര്‍ എന്നിവരില്‍ രോഗബാധ  കണ്ടെത്തിയാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിതന്‍ സമ്പൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ ധാരാളം കുടിക്കണം. വേദന സംഹാരികള്‍ കഴിക്കുന്നത് ഒഴിവാക്കുക.

കൊതുകകളുടെ ഉറവിടനശീകരണത്തിന് ആഴ്ചയില്‍ ഒരിക്കലുളള ഡ്രൈ ഡേയുടെ ഭാഗമായി വീടിനു ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കുക.  കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക.

error: Content is protected !!