കൊറോണ പ്രവര്‍ത്തനം: സമൂഹവ്യാപന സാധ്യത ഒഴിവാക്കാന്‍ ജാഗ്രത വേണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ :സമൂഹ വ്യാപന സാധ്യതക്ക് പഴുതില്ലാത്തവിധം അതീവ ജാഗ്രതയോടെയായിരിക്കണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദേശിച്ചു. ജില്ലാതല കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള പ്രവാസികള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ വേണം ഈ രംഗത്ത് ഇടപെടാന്‍. ആരോഗ്യ പ്രവര്‍ത്തകരും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും മറ്റും ജോലി ചെയ്യുന്നവരും യാത്രികരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകാത്ത വിധത്തിലുള്ള നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരില്‍ രോഗബാധയുള്ളവര്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി വേണം ഇടപെടാന്‍. ചെറിയ വീഴ്ച പോലും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലും റെയില്‍വെ സ്‌റ്റേഷനിലും ചെക്ക്‌പോസ്റ്റിലും ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ നിദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. എല്ലായിടത്തും യാത്രികരുമായി നേരിട്ടുള്ളസമ്പര്‍ക്കം ഒഴിവാക്കാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.

സമൂഹത്തില്‍ രോഗപകര്‍ച്ച സംബന്ധിച്ച് വലിയ തോതിലുള്ള ഭയാശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ മറുപടി നല്‍കാനും ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനുമായി വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹോം ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനായി തദ്ദേശസ്ഥാപന തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഹോം ക്വാറന്റൈനിലുളള്ളവരെ നിരീക്ഷിക്കുന്നതിനും ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, സബ് കലക്ടര്‍ എസ് ഇലാക്യ, ഡിഎംഒ ഡോ. കെ നാരായണ നായക് തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!