വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി

കൊച്ചി : വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം. വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. ഇവര്‍ക്ക് അടിയന്തിരമായി പാസ് അനുവദിക്കണം. അതേസമയം ഇത് കീഴ് വഴക്കമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാനെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ നിയന്ത്രണം ജനത്തിന് എതിരാണെന്ന് പറയാനാകില്ല. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കോടതിക്കാകില്ലെന്നും ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി പറഞ്ഞു. പാസ് നല്‍കുമ്ബോള്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണമെന്നും കോടതി പറഞ്ഞു. യാത്ര പുറപ്പെടുമ്പോള്‍ തന്നെ പാസ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു. ഉത്തരവ് കീഴ്വഴക്കമാക്കരുതെന്നും പൊതുജന താത്പര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.

അതിര്‍ത്തിയില്‍ ഗൗരവതരമായ പ്രശ്‌നങ്ങളില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരള അതിര്‍ത്തിയില്‍ ഇതുവരെ വന്നവര്‍ക്ക് പാസ് നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇനി പാസില്ലാതെ വരുന്നവരെ കേരളത്തിലേക്ക് കടത്തിവിടില്ല. സംസ്ഥാന അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യമാണുള്ളതെന്നും അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.ഇതുവരെ 53,000 പേര്‍‌ക്ക് സ‌ര്‍ക്കാ‌ര്‍ പാസ് നല്‍കിയെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

പൊതുജനാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിയന്ത്രിതമായ വിധത്തില്‍ അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏപ്രില്‍ 29 നാണ്. ജില്ലാ കളക്ടര്‍മാരാണ് ജില്ലകളില്‍ അനുവാദം നല്‍കേണ്ടത്. എന്നാല്‍ പഞ്ചായത്തുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കളക്ടര്‍ പാസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കു. നല്ല നിലയില്‍ ആളുകളെ തിരിച്ചെത്തിക്കാനാണ് പാസ് അനുവദിക്കാന്‍ തീരുമാനിച്ചത്. ചെക്പോസ്റ്റുകളില്‍ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറുകളുള്ള വാളയാറില്‍ പത്താക്കേണ്ട അവസ്ഥയാണ് ഉള്ളത്. പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഇങ്ങനെ ആളുകള്‍ കൂട്ടത്തോടെ വന്നാല്‍ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു.

വിദ്യാര്‍ത്ഥികള്‍ പ്രായമായവര്‍ ഗര്‍ഭിണികള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 500 പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. സിസ്റ്റം ഡൗണായത് കൊണ്ടാണ് പാസ് നല്‍കാത്തതെന്ന വാദം ശരിയല്ല. മാലിദ്വീപില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയല്‍ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ല. വാളയാറില്‍ എത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിച്ചു. തമിഴ്‍നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും നിര്‍ബന്ധിതമായി പോരേണ്ടി വന്നവരാണ് ഇവര്‍. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലം ഇല്ല. ഇവരോട് തിരികെ പോകാന്‍ പറയുന്നതു മനുഷ്യത്വപരമല്ല. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് സ്പോട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടന്നത്. ഇന്നലെ സംസ്ഥാന അതിര്‍ത്തികളില്‍ പാസില്ലാതെ നിരവധി പേര്‍ എത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകള്‍ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വാളയാര്‍, തലപ്പാടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടലുണ്ടായത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം.ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

error: Content is protected !!