കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കില്ലെന്ന് കർണാടക

ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശന വിലക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം വിലക്കുള്ളതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണം ഉണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്നലെ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് തിരുത്തിയത്.

കര്‍ണാടകയില്‍ കഴിഞ്ഞ രണ്ട് ദിവസം സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കര്‍ണാടക അറിയിച്ചു.

തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മേയ് 31 വരെ പുതിയ പാസ് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും. അതേസമയം ഈ സംസ്ഥാനങ്ങളില്‍ നിന്ന് നിലവില്‍ പാസിന് അപേക്ഷിച്ച്‌ വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്.

error: Content is protected !!