വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത 10 കോടി നിക്ഷേപിച്ച്‌ കള്ളപ്പണം വെളുപ്പിച്ചത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഗിരിഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയതും പരാതി പിന്‍വലിക്കാന്‍ 5 ലക്ഷം കോഴ നല്‍കാനും ശ്രമിച്ചെന്ന പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലന്‍സ് ഐജി എച്ച്‌.വെങ്കിടേഷിനോട് അന്വേഷിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ചക്കകം റിപ്പോര്‍ട് നല്‍കണം. മുസ്‌ലിം ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയും ലീഗിന്റെ അഭിഭാഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍.

ഇബ്രാഹിം കുഞ്ഞിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തനിക്കെതിരെ ഭീഷണിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ബാബു ചീഫ് ജസ്റ്റിസിനും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുനില്‍ തോമസിനും പരാതി നല്‍കിയിരുന്നു. പരാതി കോടതി തൃക്കാക്കര എസിപിക്ക് കൈമാറിയിരുന്നു. ഇതിന് ശേഷമായിരുന്നു പണം വാഗ്‌ദാനം ചെയ്ത പരാതി പിന്‍വലിക്കാന്‍ ശ്രമമുണ്ടായത്.

സുഹൃത്തും കങ്ങരപ്പടി സ്വദേശിയുമായ കെ.എസ് സുജിത് കുമാര്‍ വഴി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഗിരീഷ് ബാബു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ട് പരാതികളും പരിഗണിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

error: Content is protected !!