ബസുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങില്ല: കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകള്‍ക്കുളളില്‍ സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നും ബസുകള്‍ ഓടിക്കില്ലെന്നുമുള്ള സ്വകാര്യ ബസുടമകളുടെ നിലപാടിനെ വിമര്‍ശിച്ച്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസുടമകളുടേത് നിഷേധാത്മക നിലപാടാണ്. അവര്‍ സാഹചര്യം മനസ്സിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ബസുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് ബസുടമകള്‍ മാറ്റണം. ബസുകളില്‍ ഒരു കാരണവശാലും കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. ബസുകളില്‍ സമൂഹ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!