അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികില്‍സാ സഹായത്തിന് റോബോട്ടിക് സംവിധാനവും : ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ണൂർ  : അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ കൊറോണ രോഗികളെ ചികില്‍സിക്കുന്നതിനും പരിചരിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകമായി റോബോട്ടിക് സംവിധാനം. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ സംവിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ഇവിടെ ചികില്‍സയില്‍ കഴിയുന്ന കുട്ടികളുമായി വീഡിയോ കോള്‍ ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. കുട്ടികളോട് സുഖവിവരങ്ങളന്വേഷിച്ച മന്ത്രി, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ നല്ല രീതിയില്‍ പാലിക്കണമെന്നും രോഗം ഭേദമായി വീട്ടിലെത്തിയാലും രണ്ടാഴ്ച പുറത്തിറങ്ങാതെ കഴിയണമെന്നും അവരെ ഉപദേശിക്കുകയും ചെയ്തു. കുട്ടികളിലൊരാള്‍ ആശുപത്രിയില്‍ വച്ച് വരച്ച ചിത്രം ആരോഗ്യമന്ത്രിക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.ഡിഎംഒ ഡോ. നാരായണ നായിക്, ഡിപിഎം ഡോ. കെ വി ലതീഷ്, ഡിഎസ്ഒ ഡോ. എം കെ ഷാജ് എന്നിവരും റോബോട്ടിക് സംവിധാനം വഴി രോഗികളുമായി സംസാരിച്ചു.

അഞ്ചരക്കണ്ടിയിലെ കോവിഡ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാര്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഈ സംവിധാനം ഒരുക്കിയത്. വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ചികില്‍സാ സഹായിയുടെ സേവനം സൗജന്യമായാണ് ആശുപത്രിക്ക് നല്‍കിയിരിക്കുന്നത്. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാമെന്നതിനേക്കാള്‍ പിപിഇ കിറ്റില്ലാതെ വീഡിയോ കോള്‍ വഴി പരസ്പരം കണ്ട് സംസാരിക്കാന്‍ ഇത് സഹായിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, രോഗികളുടെ ചെറിയ ആവശ്യങ്ങള്‍ക്കായി പിപിഇ കിറ്റ് ധരിച്ച് പോകുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. അതേസമയം, പരിശോധനയുടെ ഭാഗമായുള്ള സന്ദര്‍ശനം പതിവുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ ഇവിടെയുള്ള രോഗികള്‍ക്ക് വലിയ സന്തോഷമാണ് ഈ റോബോട്ടിക് സംവിധാനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള റോബോട്ടിക് സംവിധാനം വഴി ഇരുപതോളം രോഗികള്‍ക്കുള്ള മരുന്നും ഭക്ഷണവും വെള്ളവുമെല്ലാം ഒരേസമയത്ത് എത്തിക്കാന്‍ സാധിക്കുമെന്ന് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ സി ആര്‍ സരിന്‍ പറഞ്ഞു.

റിസേര്‍ച്ച് ഡീന്‍ ഡോ. ടി ഡി ജോണ്‍, റിസേര്‍ച്ച് അംഗങ്ങളായ സുനില്‍ പോള്‍, സി ആര്‍ സരിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതോടൊപ്പം ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായി കോളേജ് രൂപകല്‍പ്പന ചെയ്ത സാനിറ്റൈസര്‍ ബോട്ടില്‍ കൈകൊണ്ട് തൊടാതെ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും സൗജന്യമായി നല്‍കിയിട്ടുണ്ട്. കാല്‍ കൊണ്ട് പെഡലില്‍ ചവിട്ടിയാല്‍ ചെറിയ ട്യൂബ് വഴി സൈനിറ്റൈസര്‍ പുറത്തേക്ക് വരുന്ന ലെഗ് ഓപറേറ്റഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സംവിധാനമാണിത്.

പിപിഇ കിറ്റിന്റെ സഹായമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗിയുടെ അടുത്ത് ചെല്ലാവുന്ന മൂവബ്ള്‍ കിയോസ്‌കിന്റെ പണിപ്പുരയിലാണ് കോളേജിലെ ഗവേഷണ വിഭാഗമെന്ന് ഫാദര്‍ ബിനു, ഫാദര്‍ ബിപിന്‍ എന്നിവര്‍ പറഞ്ഞു.

error: Content is protected !!