ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ

കൊച്ചി: കൊച്ചി: പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ.

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചും പകര്‍ച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് ശമ്പളം നിരസിക്കല്‍ ആണെന്നും ഹൈക്കോടതി പറഞ്ഞു.

ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിക്കുന്നത് എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പക്ഷേ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നും ഹര്‍ജി പരിഗണിച്ച്‌ കോടതി പറഞ്ഞു.

 

error: Content is protected !!