വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വർക്‌ഷോപ്പുകള്‍ തുറക്കാം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതു പ്രകാരം ടയര്‍, ബാറ്ററി, സ്‌പെയര്‍പാര്‍ട്‌സ് കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഈ കടകള്‍ക്ക്‌ തുറക്കാന്‍ അനുമതി.

ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് തടസ്സമില്ല. ടയറുകള്‍, ഓട്ടോമോട്ടിവ് ബാറ്ററികള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം ഇന്‍ഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികള്‍, പെയിന്റിങ്, അപ്‌ഹോള്‍സറി, കഴുകല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ അനുവാദമില്ല.

മെക്കാനിക്കല്‍, ഇലക്ടിക്കല്‍, ടയര്‍ റിപ്പയര്‍ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓണ്‍ റോഡ് സര്‍വീസും റോഡ് സൈഡ് സര്‍വീസും നടത്താം. വര്‍ക്‌ഷോപ്പുകളെ എ,ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

15 ജീവനക്കാരും അതിലധികവും ഉള്ളവര്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നു. 8 മുതല്‍ 14 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ബിയിലും, മൂന്നു മുതല്‍ ഏഴു ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി സിയിലും പെടുന്നു. രണ്ടു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലാണ്. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളില്‍ 8 ജീവനക്കാര്‍ക്കും, ബി കാറ്റഗറിയില്‍ 5 ജീവനക്കാര്‍ക്കും, സി കാറ്റഗറിയില്‍ 3 ജീവനക്കാര്‍ക്കും ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥാപനത്തില്‍ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

error: Content is protected !!