കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ 488 ആയി, 24 മണിക്കൂറിനിടെ ബാധിച്ചത് 957 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. ആകെ 14792 പേരാണ് രാജ്യത്ത് കൊവിഡ് രോഗബാധിതരായിട്ടുള്ളത്. ഇതിനോടകം തന്നെ 488 പേര്‍ മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. ഗുജറാത്തില്‍ മാത്രം 24 മണിക്കൂറിനിടെ പന്ത്രണ്ട് പേര്‍ മരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 14,792 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12,289 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1766 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നുണ്ട്.

അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നു. ഇന്നലെ മാത്രം 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ ഒരു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ജഗാംഗീര്‍ പുരയില്‍ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം. ഇവര്‍ സാമൂഹിക അകലം അടക്കമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്. ഇതിനു പുറമെ എംയിസിലെ ഒരു നഴ്‌സിംഗ് ഓഫീസര്‍ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ ഇവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!