കോവിഡ് 19: സംസ്ഥാനം 4 സോണുകളായി തിരിക്കും; വിശദാംശങ്ങള്‍ .

തിരുവനന്തപുരം : ലോക്ഡൌണ്‍ കാലയളവില്‍ സംസ്ഥാനത്തിന് പുറത്തേക്കോ സംസ്ഥാനത്തേക്കോ ആർക്കും സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്തർജില്ലാ യാത്ര നിരോധനവും തുടരും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്സ്പോട്ടുകളായി കണക്കാക്കിയത്.

സോണ്‍ 1

കോവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കും.

കേന്ദ്രസർക്കാർ അംഗീകാരത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് ഉൾപ്പെടുത്തുന്നിനു മറ്റുപ്രശ്നങ്ങളില്ല. കേന്ദ്രം ഹോട്സ്പോട്ടായി കണക്കാക്കിയ ചില ജില്ലകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നതിനു കേന്ദ്ര അനുമതി വാങ്ങണം. ഈ ജില്ലകളിൽ തീവ്രരോഗബാധയുള്ള ഹോട്സ്പോട്ട് പ്രത്യേകം കണ്ടെത്തും. വില്ലേജുകളുടെ അതിർത്തി അടക്കും. എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും ഉണ്ടാകും. മറ്റു വഴികൾ അടയ്ക്കും.

സോണ്‍ 2

അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

സോണ്‍ 3

മൂന്നാമത്തെ മേഖലയായി നിർദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് , തൃശൂർ, വയനാട് എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.

സോണ്‍ 4

പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയാണ്. സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.

error: Content is protected !!