ഗര്‍ഭിണികള്‍ക്കും ചികിത്സക്കെത്തുന്നവര്‍ക്കും കേരളത്തിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനാനുമതി നല്‍കും

കണ്ണൂർ :ലോക്ക്ഡൗണ്‍ കാലത്ത് അന്തര്‍ സംസ്ഥാന യാത്ര നടത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കും. സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന ഗര്‍ഭിണികള്‍ക്കും, ചികിത്സക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തേക്കോ എത്തുന്നവര്‍ക്കുമാണ് മാനുഷിക പരിഗണനയും അത്യാവശ്യ സാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക. ജില്ലാ കലക്ടര്‍ക്കാണ് അനുമതി നല്‍കാനുള്ള അധികാരം.

ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്‌സ്അപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കലക്ടര്‍ക്ക് ലഭ്യമാക്കണം. അര്‍ഹരെങ്കില്‍ കലക്ടര്‍ യാത്രാ തീയതിയും സമയം രേഖപ്പെടുത്തി പാസ് അനുവദിക്കും.

ഈ പാസും താമസിക്കുന്ന ജില്ലയിലെ കലക്ടറുടെ ക്ലിയറന്‍സും സഹിതം എത്തിയാല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സംസ്ഥാനത്തിലേക്ക് പ്രവേശനം അനുവദിക്കും.
അതിര്‍ത്തിയിലെ പരിശോധനയ്ക്ക് അനുസരിച്ച് നിര്‍ദേശിക്കുന്ന ക്വാറന്റൈനിന് ഇവര്‍ വിധേയമാകണം.ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷിക്കണം. ത്വരിത പരിശോധന നടത്തി കലക്്ടര്‍ക്ക് അനുമതി നല്‍കാം. ഈ അനുമതിയോടെ വ്യക്തി താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് യാത്രാ പാസ് വാങ്ങണം. ഈ രണ്ടു രേഖകളും പരിശോധിച്ചായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനാനുമതി നല്‍കുക.

ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പൊലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി കലക്ടറെ കലക്ടര്‍മാര്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

error: Content is protected !!