എത്ര പറഞ്ഞാലും പഠിക്കില്ല …..കണ്ണൂരിൽ റെഡ് സോണില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നു പേരെ പോലിസ് പിടികൂടി കൊറോണ കെയര്‍ സെന്ററിലേക്കയച്ചു

കണ്ണൂർ : കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച ന്യൂമാഹിയില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നു പേരെ പോലിസ് പിടികൂടി കൊറോണ കെയര്‍ സെന്ററിലേക്കയച്ചു. പെരിങ്ങാടി സ്വദേശികളായ രണ്ടു പേരെയും കണ്ണൂക്കര സ്വദേശിയായ ഒരാളെയുമാണ് ന്യൂമാഹി എസ്ഐ രതീഷും സംഘവും പിടികൂടിയത്. രണ്ടു പേര്‍ കടകള്‍ തുറന്നിട്ടുണ്ടോ എന്നറിയാനും ഒരാള്‍ വീട്ടില്‍ പഞ്ചറായിക്കിടന്ന വാഹനം നന്നാക്കാന്‍ വര്‍ക്ക് ഷോപ്പ് തുറന്നിട്ടുണ്ടോ എന്നറിയാനുമാണ് പുറത്തിറങ്ങിയതെന്നാണ് പോലിസിനോട് പറഞ്ഞത്. ഉച്ചയോടെ പിടിയിലായ മൂന്നു പേരെയും കണ്ണൂര്‍ താണയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് ആംബുലന്‍സിലാണ് മാറ്റിയത്.

ജില്ലയില്‍ കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണിലും ഏഴ് തദ്ദേശ സ്ഥാപനങ്ങള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. റെഡ് സോണില്‍ മരുന്നു ഷോപ്പ് ഒഴികെയുള്ള കടകളൊന്നും തുറക്കരുതെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നുമാണ് നിയമം. ഇത് ലംഘിച്ച് വീടിനു പുറത്തിറങ്ങിയതാണ് യുവാക്കള്‍ക്ക് വിനയായത്. വൈറസിന്റെ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അവ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി.

error: Content is protected !!