അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി കണ്ണൂർ ജില്ലാ ഭരണകൂടം

കണ്ണൂർ : അതിഥി ദേവോ ഭവ: എന്ന വാക്യം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മാത്രം കാര്യത്തിലല്ല, അന്നന്നത്തെ അന്നത്തിനു വേണ്ടി തൊഴില്‍ തേടിയെത്തിയ അതിഥി തൊഴിലാളികളുടെ കാര്യത്തിലും ഇതേ ശ്രദ്ധയും കരുതലുമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 കാലത്ത് ലോക് ഡൗണില്‍പ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അതിഥി തൊഴിലാളികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണം, സുരക്ഷ, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ അതീവ ശ്രദ്ധയാണ് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്ന് നല്‍കിവരുന്നത്.

ലോക് ഡൗണിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു ആദ്യ പടി. അവരുടെ തനതായ രീതിയില്‍ ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ കിറ്റാണ് ഇതിനായി രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത്. അമ്പതിനായിരത്തോളം കിറ്റുകളാണ് ജില്ലയില്‍ ഈ രീതിയില്‍ ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്. കിറ്റുകള്‍ കിട്ടാത്തവര്‍ക്കായി തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ വഴിയും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ലോക് ഡൗണിനെ തുടര്‍ന്ന് അതിഥി തൊഴിലാളികളുള്‍പ്പെടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കുകയാണ് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായി ദ്രുത കര്‍മ്മ സേനയും ജില്ലയില്‍ രൂപീകരികരിച്ചിട്ടുണ്ട്. അസി. ലേബര്‍ ഓഫീസര്‍/ ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ (കണ്‍വീനര്‍), തദ്ദേശ സ്ഥാപന സെക്രട്ടറി, ഒരു ഹോം ഗാര്‍ഡ്, വില്ലേജ് ഓഫീസര്‍ (മെമ്പര്‍മാര്‍), മനശാസ്ത്രജ്ഞന്‍, ഹിന്ദി, ബംഗാളി ഭാഷ അറിയുന്ന ഒരാള്‍ എന്നിവരടങ്ങുന്ന സംഘം തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കൂടാതെ ക്യാമ്പുകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, മാനസിക പ്രയാസങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞ് ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കി. ഇതിനോടകം 68 ക്യാമ്പുകളിലായി 4320 അതിഥി തൊഴിലാളികള്‍ക്കാണ് ജില്ലയില്‍ കൗണ്‍സലിങ് നല്‍കിയത്. നാട്ടിലെത്തണം എന്നുള്ളതാണ് മിക്കവരുടെയും ആവശ്യമെന്നും ഈ വിഷയം തന്നെയാണ് കൗണ്‍സിലിംഗ് സമയത്ത് ഭൂരിഭാഗം പേരും ഉന്നയിക്കുന്നതെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് ബേബി കാസ്‌ട്രോ പറഞ്ഞു.

ജോലി ചെയ്യാതെ ഇരുന്ന് ശീലമില്ലെന്നും അതിന് കഴിയുന്നില്ലെന്നുമാണ് പലരുടെയും പരാതിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണ്‍ അവസാനിക്കുന്നതനുസരിച്ച് ഈ തൊഴിലാളികളെ നിര്‍മാണം, പ്ലൈവുഡ്, ഹോട്ടല്‍, ശുചീകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്കായി 13 ഓളം മെഡിക്കല്‍ ക്യാമ്പുകളും ഇതിനോടകം നടത്തിയിട്ടുണ്ട്. ചില മേഖലകളില്‍ ഇവര്‍ക്കായി സ്രവ പരിശോധനയും നടത്തി.
അതിഥി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പും രംഗത്തുണ്ട്. 4095 കേന്ദ്രങ്ങളിലായി 37413 ബോധവല്‍ക്കരണങ്ങളാണ് ഇതുവരെ നല്‍കിയത്. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ്തല ജീവനക്കാരും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ജീവനക്കാരും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളും തൊഴിലിടങ്ങളും സന്ദര്‍ശിച്ചാണ് അവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കുന്നത്. സാമൂഹിക അകലവും ഹോം ക്വാറന്റീനും പാലിക്കേണ്ടതിന്റെ ആവശ്യകത, വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം എന്നിവ സംബന്ധിച്ചാണ് ബോധവല്‍ക്കരണം. കൂടാതെ അതിഥി തൊഴിലാളികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ നേതൃത്വത്തിലും കൗണ്‍സലിംഗ് സേവനം നല്‍കി വരുന്നു. വൈറസിനെക്കുറിച്ച് തൊഴിലാളികള്‍ ബോധവാന്മാരാണെന്നും മികച്ച പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടാകുന്നതെന്നും ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന്‍ പറഞ്ഞു.

ലേബര്‍ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്ക് നിരവധി കോളുകളാണ് ദിവസവുമെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലുള്ള തങ്ങളുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചും അവരുടെ ആവശ്യങ്ങള്‍ അറിയിച്ചുമുള്ളതാണ് കൂടുതല്‍ വിളികളും. ഹിന്ദിയും ബംഗാളിയും അറിയുന്ന ആളുകളും കോള്‍ സെന്ററിലുണ്ട്. ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം വഴിയും ഇവിടെ അന്വേഷണങ്ങളെത്തുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളി ക്യാമ്പുകളിലെ ജീവിതം ആസ്വാദ്യകരമാക്കാന്‍ 10 ടെലിവിഷന്‍ സെറ്റുകളാണ് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വിതരണം ചെയ്തത്. വളപട്ടണം, കീരിയാട്, അഴീക്കോട് പോര്‍ട്ട്, പൊയ്ത്തുംകടവ്, ആയിക്കര, മാടായി, ചേപ്പറമ്പ്, താഴെ ചൊവ്വ, കണ്ണോത്തുംചാല്‍, മേലെ ചൊവ്വ എന്നീ കേന്ദ്രങ്ങളിലാണ് ടി വി വിതരണം ചെയ്തത്. ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കരുതലിനും സഹാനുഭൂതിക്കും നന്ദി അറിയിച്ച് നിരവധി അതിഥി തൊഴിലാളികളും കുടുംബങ്ങളുമാണ് രംഗത്തെത്തിയിരിക്കുന്നത്.

error: Content is protected !!