ലോക് ഡൗണ്‍ കാലത്ത് കൈത്താങ്ങായി കൃഷി വകുപ്പ്

കണ്ണൂർ : ലോക്ക് ഡൗണ്‍ കാലത്ത് ദുരിതത്തിലായിപ്പോയ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും കൈത്താങ്ങാവുകയാണ് കൃഷി വകുപ്പ്. ഇക്കോ ഷോപ്പുകള്‍, ആഴ്ച ചന്തകള്‍, ബി എല്‍ എഫ് ഒ മാര്‍ക്കറ്റുകള്‍, എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്ത് വരുന്നതിനോടൊപ്പം ഓണ്‍ലൈന്‍ വിപണികളും സഞ്ചരിക്കുന്ന പച്ചക്കറി വിപണികളുമായി കോവിഡ് കാലത്തും കൃഷി വകുപ്പ് സജീവമാണ് . 25 ഇടങ്ങളില്‍ ഫാര്‍മര്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും (എഫ് ആര്‍ ഒ ) കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ന്യായവിലക്ക് വില്‍പന നടത്തുന്ന സംവിധാനമാണ് ഇവിടെ.
ജില്ലയില്‍ ഇതുവരെയായി 52.13 ടണ്‍ പച്ചക്കറികളും 13.22 ടണ്‍ പഴവര്‍ഗങ്ങളും 4.2 കിഴങ്ങുവര്‍ഗ്ഗ വിളകളും 0.889 ടണ്‍ നാളികേരവും കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് കൃഷി വകുപ്പ് വിപണനം നടത്തി. എഫ് ആര്‍ ഒകള്‍ വഴി 12.462 ടണ്‍ പച്ചക്കറികളും 1.6 ടണ്‍ പഴവര്‍ഗ്ഗങ്ങളും, 0.6 ടണ്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് വഴി 42 ടണ്ണും വി എഫ് പി സി കെ വഴി 39.575 ടണ്ണും കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് ശേഖരിച്ച് വില്‍പന നടത്തിയത്. ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ എന്നിവ വഴി കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറികളുടെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുന്നത്. സഞ്ചരിക്കുന്ന വിപണനശാലകള്‍ വഴി ഏഴ് ടണ്‍ പച്ചക്കറികളും 90 ടണ്‍ പൈനാപ്പിളും വിപണനം നടത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ഇടപെടലിന്റെ ഭാഗമായി 1.5 ടണ്‍ കരിമ്പും, മൂന്ന് ടണ്‍ ഇളവനും കര്‍ഷകരില്‍ നിന്ന് വാങ്ങി വില്‍പന നടത്തി. സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ 0.5 ടണ്‍ പച്ചക്കറികളും കൃഷി വകുപ്പ് മുഖേന നല്‍കി.
ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വിത്ത് വിതരണവും ജില്ലയില്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വെള്ളരി, പച്ചമുളക്, പാവല്‍, ചീര തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്യുന്നത്. 3.5 ലക്ഷം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകളാണ് വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി നല്‍കിയത്. കൃഷി വകുപ്പിന്റെ ജില്ലാ ഫാമിലെ 20,000 ടിഷ്യുകള്‍ച്ചര്‍ നേന്ത്രവാഴ തൈകളും ഒന്നാം വിള നെല്‍കൃഷിക്കാവശ്യമായ വിത്ത് വിതരണവും ആരംഭിച്ചു കഴിഞ്ഞു. 2020 ഏപ്രില്‍ മാസം വരെയുള്ള കര്‍ഷക പെന്‍ഷനും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ഈ കോവിഡ് കാലം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് കൃഷി പ്രോത്സാഹനത്തിന് വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നത്.