അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഏറ്റവും വലിയ പി സി ആർ ലാബ്‌ ഇനി ഉത്തരമലബാറിനു സ്വന്തം

കണ്ണൂർ (പരിയാരം) : കോവിഡ് വൈറസ് അടക്കമുള്ള വൈറസ് രോഗങ്ങളുടെ പരിശോധനക്ക് വേഗം കൂട്ടാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേകമായി സ്ഥാപിച്ച ആത്യാധുനിക പി സി ആർ ലാബ്‌ കല്യാശ്ശേരി മണ്ഡലം എം. എൽ എ ശ്രീ ടി. വി രാജേഷ് നാടിന്‌ സമർപ്പിച്ചു.

രാവിലെ 12മണിക്ക്‌ നടന്ന ലളിതമായ ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ എൻ റോയ്, വൈസ് പ്രിൻസിപ്പൽ ഡോ രാജീവ്‌ എസ്, ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപ്‌, മൈക്രോബയോളജി വിഭാഗം മേധാവി ഡോ രാജൻ പയ്യപ്പള്ളി,, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ്‌ ഡി. കെ, ക്യാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വിമൽ രോഹൻ, ആർ എം ഒ ഡോ സരിൻ എസ് എം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും കോവിഡ് സെൽ നോഡൽ ഓഫീസറുമായ ഡോ എ. കെ ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.

2800 ചതുരശ്ര അടി വിസ്താരത്തിൽ കേരളത്തിലെ തന്നെ വലിയ പി.സി.ആർ ലാബാണ്‌ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ടി. വി രാജേഷ് എം. എൽ. എ നാടിനായി സമർപ്പിച്ചത്. യു.വി സ്റ്റെറലൈസർ അടക്കമുള്ള അത്യാധുനിക പി.സി.ആർ ലാബിൽ, ഇന്ന് മുതൽ തന്നെ കോവിഡ്‌ രോഗപരിശോധനയുടെ ഭാഗമായുള്ള സാമ്പിളുകളുടെ പരിശോധന ആരംഭിക്കും. ഇന്ന് പത്തു സാമ്പിളുകളാണ് പ്രാഥമിക ഘട്ടം എന്ന നിലയിൽ പരിശോധനക്കായി എടുക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ എൻ റോയ് അറിയിച്ചു. ഒരു ദിവസം 45 സാമ്പിളുകൾ പരിശോധന നടത്താനുള്ള സൗകര്യം ഉള്ള ലാബാണ് ഇത് എന്ന് മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവേ പ്രിൻസിപ്പൽ പറഞ്ഞു. ആറ് മണിക്കൂറുകൾ കൊണ്ട് ഫലം ലഭിക്കുകയും ചെയ്യും. പ്രസ്തുത ലാബിന്റെ ഇൻഫ്രാസ്ട്രക്ചർ ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും ടി.വി രാജേഷ്‌ 15 ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു.

error: Content is protected !!