കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി  വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി കെ .കെ ശൈലജ ചര്‍ച്ച നടത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി കെ .കെ ശൈലജ ചര്‍ച്ച നടത്തി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രി ഇവരുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.

100 ഓളം ആരോഗ്യ പ്രവര്‍ത്തകരുമായാണ് നേരിട്ട് സംവദിച്ചത്. കൂടാതെ ഇവരുടെ മാനസികോല്ലാസത്തിന് സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും പങ്കെടുത്തു. അത്ഭുതത്തോടും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചു. ‘നീ മുകിലോ പുതുമഴ മണിയോ…’ എന്ന ഗാനം സിതാര പാടിയപ്പോള്‍ എല്ലാവരേയും അത്ഭുപ്പെടുത്തി ജീവനക്കാര്‍ സിതാരയുമായി മത്സരിച്ച് പാട്ടു പാടാന്‍ തുടങ്ങി. സിതാര കൂടി പ്രോത്സാഹിച്ചപ്പോള്‍ അത് വലിയൊരു പാട്ട് മത്സരത്തിന് വേദിയാകുകയും ചെയ്തു.

error: Content is protected !!