പ്രധാനമന്ത്രി അശാസ്ത്രീയത പറഞ്ഞാൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രി അശാസ്ത്രീയത പറഞ്ഞാൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. പ്രകാശം പരക്കേണ്ടത് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിലാണെന്നും അതിനുവേണ്ടതു സാന്പത്തിക പിന്തുണയാണെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞദിവസം നടന്ന ദീപം തെളിയിക്കലിനെ സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തിൽ പ്രകാശം പരക്കേണ്ടത് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിലാണ്. അതിനുവേണ്ടത് അവർക്ക് സാന്പത്തിക പിന്തുണ നൽകലാണ്. ഇക്കാര്യം തന്നെയാണ് നേരത്തെയും പറഞ്ഞത്. സാന്പത്തിക പിന്തുണയുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ സമീപനം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുന്പോൾ അതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അതിനെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ല. ഇന്നത്തെ സാഹചര്യത്തിൽ ഒരു മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്പോൾ പ്രധാനമന്ത്രി ഏത് കാര്യം പറഞ്ഞാലും അതിന് അതിന്േറതായ പ്രാമുഖ്യം കൊടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.