കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ.  എം.പി ജുനൈദ് (22), ഷാനവാസ് (22) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാറും  കല്ല്യാശ്ശേരിയില്‍ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഏകദേശം 7 ഗ്രാം ഹെറോയിനുമായി ഇവർ പിടിയിലാവുന്നത് .

സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളിൽ  നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. കെ.എല്‍ 13 എ.പി 88 61 നമ്പര്‍ ഹോണ്ട ഡിയോ വാഹനത്തിൽ   മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ വരുന്ന വിവരം രഹസ്യമായി മനസ്സിലാക്കിയ എക്സൈസ് സംഘം നിരീക്ഷണം നടത്തുകയായിരുന്നു.

വാഹന പരിശോധന നടത്തുന്നത് മനസ്സിലാക്കിയ പ്രതികള്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടി ഓടിക്കുന്നതിന് ശ്രമിച്ചെങ്കിലും, എക്‌സൈസ് ഉദ്യോഗസ്ഥര്‍  വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ പിന്നാലെ ഓടി സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.

മുംബൈയില്‍ നിന്ന് രഹസ്യമായി മാരകമായ ശേഷിയുള്ള ലഹരി വസ്തുക്കള്‍ കൂടുതല്‍ അളവില്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്കക്കും യുവാക്കള്‍ക്കുമായി അഞ്ചും ആറും ഇരട്ടി കൂടിയ വിലക്ക് വില്‍ക്കുന്ന സംഘത്തിലെ പ്രതികളാണ് പിടിയിലായതെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തൽ .

പ്രിവന്റീവ് ഓഫീസര്‍ ഷിബു കെ.സി, ഗ്രേഡ് പി.ഒമാരായ പ്രവീണ്‍ എന്‍.വി, അഭിലാഷ് ഇ, സി.ഇ.ഒമാരായ നിഷാദ്. വി, സനീബ് കെ, വനിത സി.ഇ.ഒ ഷൈന. വി.കെ, ഡ്രൈവര്‍ ഷജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

error: Content is protected !!