രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോള്‍ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു.

വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയാണ് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ അതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം മുറുകിയത്. ഇതിന് പിന്നാലെ ഇറാന്‍ യുദ്ധ സൂചന നല്‍കുകയും ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങള്‍ തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും കുതിച്ചുയരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് രാവിലെ 72.03 എന്ന ദുർബലമായ നിലയിൽ വ്യാപാരം തുടങ്ങിയ രൂപ, പിന്നീട് യു.എസ് ഡോളറിനെതിരെ 72.11 ലേക്ക് ഇടിയുകയായിരുന്നു. ഇതോടെ മുമ്പ് വ്യാപാരം അവസാനിപ്പിച്ചതിനെ അപേക്ഷിച്ച് 31 പൈസ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. യു.എസ് ഡോളറിനെതിരെ വെള്ളിയാഴ്ച 71.80 ആയിരുന്നു രൂപയുടെ മൂല്യം.

രാജ്യത്തുള്ള യു.എസ് സൈനികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് വോട്ടെടുപ്പ് നടത്തിയാൽ ഇറാഖിന് മേല്‍ “വലിയ ഉപരോധം” ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 70.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2.90 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

error: Content is protected !!