മോദിക്കെതിരെ ലേഖനം: ആതിഷ് തസീറിന്‍റെ പൗരത്വ കാര്‍ഡ് റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന്‍റെ പൗരത്വ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആതിഷ് തസീറിന്‍റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ആതിഷിന്‍റെ പിതാവ് പാകിസ്താനില്‍ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങിന്‍റെയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റെയും മകനാണ് ആതിഷ് തസീര്‍. ആതിഷ് എഴുതിയ ലേഖനം വിവാദമാവുകയും കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

പിതാവിന്‍റെ ജന്മ സ്ഥലം എന്ന ഭാഗത്ത് ആതിഷ് പാകിസ്താന്‍ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നേടുന്നതിനുള്ള വാദം നിരത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതോടെ 1955 ലെ പൗരത്വ ആക്റ്റ് പ്രകാരം ആതിഷിന് ഒ സി ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ ടൈം മാസികയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച്‌ ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.അതേസമയം തനിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു.

വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്.

 

error: Content is protected !!