വാളയാര്‍ സംഭവം: ക്ലാസില്‍ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ ചെയ്തു

മലയിന്‍കീഴ്: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ക്ലാസ് മുറിയില്‍ പതിച്ചതിന് വിളവൂര്‍ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്‌തു. കുട്ടികളെ വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് പുറത്താക്കിയത്.

അച്ചടക്ക നടപടി തങ്ങളുടെ സമ്മതപ്രകാരമാണെന്ന് രക്ഷിതാവിന്‍റെ സാന്നിധ്യത്തില്‍ കുട്ടികളെക്കൊണ്ട് സ്‌കൂള്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിടുവിക്കുകയും ചെയ്തു. എന്നാലിത് അധ്യാപകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു.

‘ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ കയറിപ്പിടിക്കുമ്ബോള്‍… നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്ബോള്‍… വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്ബോള്‍… മകളേ നിനക്കു നീ മാത്രം’ ഇതായിരുന്നു കാര്‍ട്ടൂണിലെ വാചകം. ഇതു പ്രദര്‍ശിപ്പിക്കാന്‍ സഹായിച്ച മറ്റു രണ്ടുകുട്ടികളെയും അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണ് പുറത്താക്കിയത്.

അച്ചടക്കനടപടി ഒഴിവാക്കിയാല്‍ മറ്റുള്ള വിദ്യാര്‍ഥികളെയും നിയന്ത്രിക്കാനാകാതെ വരുമെന്ന് അധികൃതര്‍ പറഞ്ഞു. ക്ലാസ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസില്‍ ആദ്യം കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ കുട്ടികളെ വിലക്കിയിരുന്നു. വീണ്ടും കുട്ടികള്‍ ഇത് ക്ലാസ് മുറിയില്‍ പതിച്ചതാണ് നടപടിക്കിടയാക്കിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും പ്രിന്‍സിപ്പല്‍ പ്രീത ബി.ആര്‍. പറഞ്ഞു.

വാളയാര്‍ സംഭവത്തില്‍ ദുഃഖമുണ്ട്. എന്നാല്‍, പ്രതികരണത്തിനു സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ പരിമിതികളുണ്ടെന്ന്‌ പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും പറഞ്ഞു.

വിദ്യാര്‍ഥികളെ അച്ചടക്കനടപടിക്കു വിധേയമാക്കിയതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും പി.ടി.എ.യ്ക്കെതിരേയും നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

error: Content is protected !!