യു.ഡി.എഫ് കാലത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ വ്യാപക ക്രമക്കേട് : ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ വ്യാപക ക്രമക്കേട്. എറണാകുളം ഡിവിഷന് കീഴിലുളള മരാമത്ത് പ്രവൃത്തികളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടം ഈടാക്കാനും മന്ത്രി ജി.സുധാകരൻ നിർദേശം നൽകി.

2013 മുതൽ 2016 വരെയുളള കാലത്ത് എറണാകുളം ഡിവിഷന് കീഴിൽ നടത്തിയ പൊതുമരാമത്ത് പ്രവൃത്തികളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ചെയ്യാത്ത മരാമത്ത് പ്രവൃത്തികൾക്ക് തുക മാറി നൽകുക, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിൻ വിതരണത്തിൽ ക്രമക്കേട് നടത്തുക തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

1.77 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഇതിലൂടെ ഉണ്ടായത്. സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ തൊട്ട് ക്ലാർക്ക്മാർ വരെയുളള ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ഇവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു.

error: Content is protected !!