മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. യു.എ.പി.എ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന ഹിറ്റ്ലറുടെ കസേരയിൽ ഇപ്പോൾ പിണറായി വിജയനാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കിട്ടിയെന്ന പൊലീസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് കോഴിക്കോട്ടെ സി.പി.എം പ്രവർത്തകരായ അലൻ, താഹ എന്നിവരുടെ അറസ്റ്റിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ കേസിൽ യു.എ.പി.എ ചുമത്തിയത് പിൻവലിക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

അലന്റെയും താഹയുടേയും കയ്യിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകവും കണ്ടു. താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട്ടെ സംഭവം ഗൌരവമായി പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.

കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിലെ കുട്ടികൾക്കെതിരെയാണ് യു.എ.പി.എ ചുമത്തിയതെന്നും സഹപ്രവർത്തകർക്കെതിരെ കരിനിയമം ചുമത്തിയിട്ടും മിണ്ടാതിരിക്കുന്ന ഭരണകക്ഷി അംഗങ്ങൾക്ക് നല്ല നമസ്കാരമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

error: Content is protected !!