പി.എസ്.സി പരീക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം: വാച്ചും ഫോണും ഹാളില്‍ കയറ്റിയാല്‍ നടപടി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് പോകുന്നവര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേരളാ സര്‍ക്കാര്‍. പരീക്ഷയ്ക്ക് ഇരിക്കുന്ന ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച്‌ പരീക്ഷയ്ക്ക് ഇരിക്കുന്നവരെ അയോഗ്യരാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സിവില്‍ പോലീസര്‍ ഓഫീസര്‍ പട്ടിയയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്‌റ്റേഷനറി വസ്തുക്കള്‍, വാച്ച്‌, പഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

പരീക്ഷയ്ക്ക് എത്തുന്നവരുടെ ശരീര പരിശോധന കര്‍ശനമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പി.എസ്.സി പരീക്ഷ കുറ്റമറ്റതാക്കാന്‍ നടപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഇന്നലെ പി.എസ്.സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷാ നടപടികളില്‍ അടിമുടി മാറ്റം വരുത്തണമെന്നായിരുന്നു ശിപാര്‍ശ. എല്ലാ പരീക്ഷാ ഹാളിലും സിസിടിവിയും മൊബൈല്‍ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിരുന്നു.

പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപേപ്പറിന്റെ നമ്ബറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് അറിയാന്‍ കഴിയുന്ന രീതിയാണ് നിലവിലുള്ളത്. ഇതും ക്രമക്കേടുകള്‍ക്ക് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തേണ്ടതുണ്ട്. ഒരേ ഹാളില്‍ ഇടംപിടിക്കുന്നവര്‍ പരസ്പരം സഹായിച്ച്‌ ലിസ്റ്റില്‍ ഇടം പിടിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ ആക്ഷേപവും സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതോടെ ഇല്ലാതാകും.

പേന, ബട്ടണ്‍ എന്നിവയില്‍ കാമറയില്ലെന്ന് ഉറപ്പു വരുത്തണം, വാച്ച്‌ ഉള്‍പ്പെടെയുള്ള ഒരു സാധനങ്ങളും പരീക്ഷാഹാളില്‍ അനുവദിക്കരുത്, മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കണം, എല്ലാ പരീക്ഷാ ഹാളിലും സമയമറിയാന്‍ ക്‌ളോക്കുകള്‍ സ്ഥാപിക്കണം, പി.എസ്.സി പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നത് പരിശോധിക്കണം, നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രം പരീക്ഷാ ചുമതല നല്‍കണം എന്നും ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശയില്‍ പറയുന്നു.

error: Content is protected !!