പടിയൂര്‍ പഞ്ചായത്തില്‍ മുളഗ്രാമം പദ്ധതിക്ക് തുടക്കമായി

കണ്ണൂർ : പടിയൂര്‍- കല്യാട് ഗ്രാമ പഞ്ചായത്തില്‍ മുളഗ്രാമം പദ്ധതിക്ക് തുടക്കമായി. ഹരിത കേരളം മിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ നിര്‍വഹിച്ചു. പച്ചത്തുരുത്ത്, തരിശ് രഹിത കേരളം എന്നീ പദ്ധതികളുടെ ഭാഗമായാണ് മുളഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ മുള നഴ്‌സറിയും ഒരുക്കിയിട്ടുണ്ട്. 150 ഏക്കര്‍ സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മുളഗ്രാമം ഒരുക്കുന്നത്.

തരിശ് ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നട്ടുപിടിപ്പിച്ചിരുന്ന കശുമാവിന്‍ തൈകള്‍ ആഗസ്തിലുണ്ടായ പ്രളയത്തില്‍ നശിച്ചിരുന്നു. കൂടാതെ രൂക്ഷമായ കരയിടിച്ചിലും പ്രദേശത്തുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. ഒരു ഏക്കറില്‍ 60 മുതല്‍ 70 വരെ തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. ഉദയഗിരി പഞ്ചായത്തില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ മുളത്തൈകളെത്തിച്ചിരിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ നടീല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും തരിശ് രഹിത പഞ്ചായത്ത് പ്രഖ്യാപനം ഈ മാസം തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡണ്ട് അറിയിച്ചു.

കണ്ടകശ്ശേരി പുഴയോരത്ത് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എം എം മോഹനന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി വി രാജീവ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ അനിത, ഹരിത കേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ ഷിബി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!