കോണ്‍ഗ്രസ് അംഗങ്ങളില്ലാതെ നെഹ്‌റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു: മോദി പ്രസിഡന്‍റ്

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ വൈസ് പ്രസിഡന്റുമാക്കിയാണ് സൊസൈറ്റി പുനഃസംഘടിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്. മെമോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്‍ഡ് റൂള്‍സ് റെഗുലേഷന്‍സ് പ്രകാരമാണ് സൊസൈറ്റി പുനസംഘടിപ്പിച്ചതാണെന്ന് ഉത്തരവില്‍ പറയുന്നത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരും ഐസിസിആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബ്ധെ, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ.സൂര്യപ്രകാശ് തുടങ്ങിയവരും സൊസൈറ്റിയിലെ അംഗങ്ങളാണ്.

മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ്മ, പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസൂണ്‍ ജോഷി, നെഹ്റു മെമ്മോറിയല്‍ ഫണ്ട് പ്രതിനിധി രാഘവേന്ദ്രസിങ്, യുജിസി ചെയര്‍മാന്‍ തുടങ്ങിയവരാണ് സൊസൈറ്റിയിലെ പുതിയ അംഗങ്ങള്‍.

error: Content is protected !!