വാളയാര്‍ സംഭവം: പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നു സന്ദര്‍ശിക്കും

വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം യശ്വത് ജയിന്‍ സന്ദര്‍ശിക്കും. ഇന്നലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്തായതിനാല്‍ കമ്മീഷന്‍ നിശ്ചയിച്ചിരുന്ന വാളയാര്‍ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം നടത്തുന്നുണ്ട്.

പത്തുമണിയോടെ കമ്മീഷന്‍ വാളയാറെത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂര്‍ ധര്‍ണ്ണ സമരം തുടരുകയാണ്.

ഇന്ന് പഞ്ചായത്തുകള്‍ തോറും ബിജെപി പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ബാലാവകാശകമ്മീഷന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

സിബിഐ അന്വേഷണത്തിനായി നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്നും വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അതേസമയം തങ്ങള്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം, മാതാപിതാക്കള്‍ ഇവിടെ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷണന്‍ പറഞ്ഞു.

error: Content is protected !!